സച്ചിന് രമേഷ് തെണ്ടുല്‍ക്കറുടെ ജീവിതം ആരുടെ തിരക്കഥയിലാണ് മുന്നേറുന്നത്? 24 വര്‍ഷം മുമ്പ്, ഗ്രഹാം ഗൂച്ചെന്ന ഇംഗ്ലീഷുകാരന്‍ അതിര്‍ത്തികടത്തിയ പന്തുകള്‍ പെറുക്കി തന്റെ മനസ്സിലെ ആരാധനാ മൂര്‍ത്തികള്‍ക്ക് നല്‍കിയിരുന്ന ബോള്‍ ബോയിയില്‍നിന്ന്, അതേ വേദിയില്‍ കിരീടമുയര്‍ത്തുന്ന ലോകജേതാവിലെത്തിനില്‍ക്കുന്ന ജീവിതത്തെ ഈവിധം ക്രമപ്പെടുത്തിയതാരാവും? 28 വര്‍ഷത്തിനുശേഷം ഇന്ത്യ ലോകകിരീടം തിരിച്ചുപിടിക്കുമ്പോള്‍, ഈ ഇടവേളയുടെ സിംഹഭാഗവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായി നിന്ന സച്ചിന്റെ ജീവിതവിജയം കൂടിയാണത്. ഫൈനലില്‍ ടീമിനുവേണ്ടി കാര്യമായി സംഭാവന ചെയ്യാനായില്ലെന്ന നിരാശ സച്ചിനെക്കാലവും ഉണ്ടായേക്കാം. പക്ഷേ, ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കിയ ഇതിഹാസത്തിനുവേണ്ടി പിന്‍ഗാമികള്‍ അത് നേടിക്കൊടുക്കുകയായിരുന്നു. ഫൈനലില്‍ മാത്രമാണ് സച്ചിന്‍ നിറംമങ്ങിയത്. സെമി ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായതുള്‍പ്പെടെ ഉജ്വലമായിരുന്നു വിടവാങ്ങല്‍ ലോകകപ്പിലും ലിറ്റില്‍ മാസ്റ്ററുടെ പ്രകടനം. ഒമ്പതു മത്സരങ്ങളില്‍ 53.55 റണ്‍സ് ശരാശരിയോടെ 482 റണ്‍സ്. നൂറാം സെഞ്ച്വറിയെന്ന സ്വപ്നം ലോകകപ്പില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും സച്ചിന്‍ നേടി. വാംഖഡെയില്‍ ഇന്ത്യ കിരീടമുയര്‍ത്തിപ്പോള്‍, കമനീയമായ സച്ചിന്റെ നേട്ടങ്ങളുടെ ഷോക്കേസിലേക്ക് ആരുംകൊതിക്കുന്ന ആ മെഡല്‍കൂടി സ്ഥാനം പിടിച്ചു. മറ്റെല്ലാറ്റിനുംമീതെയാകും ഈ സുവര്‍ണമുദ്രയുടെ സ്ഥാനം. കാരണം, കളിക്കളത്തിലെത്തിയശേഷമുള്ള രണ്ടു ദശാബ്ദങ്ങളിലും സച്ചിന്‍ കളിച്ചതും കൊതിച്ചതും ഇതുതന്നെയായിരുന്നു. ക്രിക്കറ്റില്‍ സച്ചിന്‍ ദൈവമാണെന്നത് ഇപ്പോള്‍ വെറുമൊരു ചൊല്ലല്ല. വിശ്വാസമാണ്. ഞാന്‍ ദൈവത്തെ കണ്ടു, ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുകയും ടെസ്റ്റില്‍ നാലാം നമ്പറിലിറങ്ങുകയുമാണ് ദൈവമെന്ന് പറഞ്ഞത് ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡനാണ്. കളിയുടെ 22-ാം വര്‍ഷം ദൈവം കനകമുദ്ര കഴുത്തിലണിഞ്ഞു. 1987 ലോകകപ്പില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെത്തിയ മത്സരങ്ങള്‍ക്ക് ബോള്‍ബോയിയായിരുന്നു സച്ചിനെന്ന പതിനാലുകാരന്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനുമുന്നില്‍ ഇന്ത്യ തകരുമ്പോള്‍ നിരാശനായി ബൗണ്ടറിക്കരികില്‍ സച്ചിനുണ്ടായിരുന്നു. പരിശീലനത്തിനിടെ സുനില്‍ ഗാവസ്‌കര്‍ സമ്മാനിച്ച പാഡുകള്‍ നിധിപോലെ സൂക്ഷിച്ച സച്ചിന്‍ പിന്നീട് രമാകാന്ത് അച്‌രേക്കറെന്ന ക്രിക്കറ്റ് ഗുരുവിന്റെ ശിക്ഷണത്തില്‍ കളിയുടെ മര്‍മമറിഞ്ഞു. വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ പോരാട്ടത്തില്‍ റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസാരവിഷയമായി. നെറ്റ്‌സില്‍ കപില്‍ ദേവിന്റെ തീപാറുന്ന പന്തുകളെ ലാഘവത്തോടെ നേരിടുന്നത് കണ്ട് സച്ചിനെ മുംബൈ രഞ്ജി ടീമിലേക്ക് ദിലീപ് വെങ്‌സാര്‍ക്കറാണ് വിളിച്ചുചേര്‍ത്തത്. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലുംഅരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, ഒറ്റ സീസണ്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറന്നു. സെലക്ഷന്‍ കമ്മറ്റി അധ്യക്ഷനായിരുന്ന രാജ് സിങ് ദുന്‍ഗാര്‍പ്പുരാണ്, പതിനേഴു തികയാത്ത സച്ചിനെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായത്. പിന്നീട് സച്ചിന്റെ ക്രിക്കറ്റ് ജീവിതം ഉയര്‍ച്ചകളില്‍നിന്ന് ഉയര്‍ച്ചകളിലേക്കായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും തന്റെ മുന്‍ഗാമികളെ പിന്തള്ളാന്‍ സച്ചിന് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഏകദിനത്തില്‍ പതിനായിരമെന്ന പുതിയ അതിര്‍ത്തി കണ്ടെത്തിയ സച്ചിന്‍ പിന്നീട് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് ഉയര്‍ന്നുപോയി. ക്രിക്കറ്റിലെ മറ്റെല്ലാ ബാറ്റ്‌സ്മാന്മാരെയും പിന്നിലാക്കി സച്ചിന്‍ മുന്നേറി. സെഞ്ച്വറികള്‍ സച്ചിന് ശീലമാണ്. ശാരദാശ്രം സ്‌കൂളിനുവേണ്ടി വിനോദ് കാംബ്ലിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച അതേ ലാഘവത്തിലാണ് സച്ചിന്‍ ഇന്നും ബാറ്റ് ചെയ്യുന്നത്. ഏകദിനത്തില്‍ ആദ്യ സെഞ്ച്വറിക്കായി ഏഴുപതോളം മത്സരങ്ങള്‍ കാത്തിരിക്കേണ്ടിവന്നയാളാണ് ശതകങ്ങളിലെ അരസെഞ്ച്വറിക്കരികില്‍ നില്‍ക്കുന്നത്.
No comments:
Post a Comment