Monday, June 6, 2011

സമര്‍പ്പണം


നിന്നെ കുറിച്ചെഴൂതാനോ നിലാവിന്റെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും,
മിന്നല്‍ , ഇടിമുഴക്കങ്ങള്‍ ,മഴ , വെയില്‍ ,
നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും.
ആകാശ നീലമോ നിന്റെ സിംഹാസനം,
ആഴിയില്‍ നിന്‍ നാമോച്ചാരണ സ്വരം.
ഞാനടിവെക്കുമീ മണ്ണിലോരോതരി-
ച്ചോടിലും നിന്റെ സ്നേഹാക്ഷരാലിഗനം.
അസ്തമയത്തില്‍ നിനാത്മാഗ്നി,പാതിരാ-
നക്ഷത്ര മണ്ഡലം നിന്‍ ശുപസ്പന്ദനം.
വായുവില്‍ നിന്റെ സന്ദേശം,ജലത്തിലോ
ജീവനേകുന്ന സ്വച്ച്നന്ദരാഗമ്യതം.
പ്രിയേ,നിന്മുന്നിലിന്നെനെ വച്ചിങ്ങനെ
മാറിനില്‍ക്കുന്നു ഞാന്‍,
സ്വീകരിക്കില്ലയോ ?

നീ നടന്നൊരു വഴിയിലെന്‍ കാല്‍പാടുകള്‍ കൊഴിയുമ്പോള്‍ തിമിലതന്‍ ദ്രുതതാളമായ്‌ സ്മ്യതിയൊലികള്‍ പിടക്കുകയായ്‌....

Saturday, June 4, 2011

സ്വന്തം


സ്വന്തമാണെന്നു ഞാന്‍...
എനിക്കു നീ സ്വന്തമോ ?
നിനക്കു ഞാന്‍ സ്വന്തമോ ?
നമുക്കു നാം സ്വന്തമോ ?
എന്നവള്‍......

Friday, May 6, 2011

പാല്‍: നല്ലതോ ചീത്തയോ?



പാനീയങ്ങളില്‍ പ്രഥമസ്ഥാനീയനാണ് പാല്‍. അനാദികാലം മുതല്‍ക്കേ അതങ്ങിനെ തന്നെയാണ്. വിശിഷ്ട പാനീയമായും പോഷകമായും പാല്‍ എന്നും എവിടെയും പരിഗണിക്കപ്പെട്ടു പോന്നു. ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ മുതല്‍ നഗരവാസികള്‍ക്കിടയില്‍ വരെ. നിറം കൊണ്ടും രുചികൊണ്ടും മാത്രമല്ല പാല്‍ എന്നും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അതിലടങ്ങിയ പോഷകങ്ങളുടെ സമൃദ്ധികൊണ്ടുമായിരുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പോഷകങ്ങള്‍ എന്ന വിശേഷണം അങ്ങിനെ പാലിനെ ജനപ്രിയ പാനീയമാക്കി. കുടിലുതൊട്ട് കൊട്ടാരം വരെ. ആകെയുണ്ടായിരുന്ന എതിര്‍പ്പ് സസ്യാഹാരികളില്‍ നിന്ന് മാത്രമായിരുന്നു. മൃഗങ്ങളുടെ പാല്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന 'വെജ് വാദം' പക്ഷേ വലിയ ക്‌ളച്ച് പിടിച്ചില്ല, ഒരു കാലത്തും.

ആട്ടിന്‍ പാല്‍, എരുമപ്പാല്‍ തുടങ്ങി പാലുകള്‍ പലതുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് പശുവിന്‍ പാലാണ്. കുഞ്ഞുന്നാളിലേ വീട്ടിലും സ്‌കൂളിലും പഠിപ്പിക്കപ്പെട്ടത് പശുവിന്‍ പാല്‍ ഒരു സമീകൃത ആഹാരം എന്ന നിലയ്ക്കാണ്. പറഞ്ഞ് പഠിപ്പിക്കപ്പെട്ട ആരോഗ്യ പാഠങ്ങളില്‍ എന്നും പാലും മുട്ടയും പോഷക സമൃദ്ധമായ ആഹാരമായിരുന്നു. പക്ഷേ കുറച്ച് നാള്‍ മുമ്പ് മുട്ടയുടെ ഈ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. കൊളസ്‌ട്രോള്‍ രോഗികളുടെ മുഖ്യശത്രുവാണിന്ന് മുട്ട. പ്രത്യേകിച്ച് മഞ്ഞക്കരു. പാലിന്റെ സ്ഥാനവും ഇളകുകയാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

കറന്നെടുത്ത ഉടനെയുള്ള നറുംപാലാണ് ഏറ്റവും നല്ലതെന്ന് അറിയാമെങ്കിലും ആടിനെയും പശുവിനെയും വളര്‍ത്തി പാല്‍കുടിക്കാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് ഇന്ന് പായ്ക്കറ്റ് പാലാണ് ഏക ആശ്രയം. പാലിനെതിരെയുള്ള പുതിയ കുറ്റപത്രം പരിശോധിച്ചാല്‍ പായ്ക്കറ്റ് പാലിലേക്കുള്ള ഈ ചുവട് മാറ്റമാണ് പാലിനെ പ്രതിയാക്കുന്നതെന്ന് കാണാനാവും. പതിവായി പാല്‍ കുടിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പാല്‍ വിരുദ്ധരുടെ വാദം. മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ മുഖ്യപോഷകങ്ങളെല്ലാമടങ്ങിയ പാലിന്റെ ആരോഗ്യപരമായ ഗുണഗണങ്ങള്‍ വിസ്മരിക്കാതെ പാലിനെതിരെയുള്ള പുതിയ കുറ്റപത്രത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണിവിടെ.

മാറുന്ന പാല്‍
വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലാണ് ഇന്ന് പാലിനെക്കുറിച്ച് നടക്കുന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദു. വെള്ളം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, ലാക്ടോസ്, ജീവകങ്ങള്‍, എന്‍സൈം എന്നിവയാണ് സാധാരണ പാലില്‍ അടങ്ങിയ ഘടകങ്ങള്‍. അതേസമയം പശുവിന്റെ ഭക്ഷണം, പാല്‍ ചുരത്തുന്ന കാലചക്രം, പാലെടുക്കുന്ന തവണകള്‍, പാല്‍ സംസ്‌കരണ പ്രക്രിയ തുടങ്ങിയവ പാലിന്റെ ചേരുവയെ(അതിലടങ്ങിയ ഘടകങ്ങളെ) സ്വാധീനിക്കാം എന്ന വസ്തുതയും നിലനില്‍ക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പാല്‍ ഉത്പാദനത്തിന് ഇന്ന് ഉപയോഗിക്കുന്ന രീതികള്‍ പലതും തന്നെ പാലിലെ ഘടകങ്ങളെ സ്വാധീനിക്കുന്നവയാണ്. ഇങ്ങിനെ ഉത്പാദിപ്പിക്കുന്ന പാല്‍ ചിലപ്പോഴെങ്കിലും ഒരു പ്രകൃതി വിഭവം പോലും അല്ലാതായി മാറുന്നുണ്ട്. ഉദാഹരണത്തിന് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പാലിനെ പാസ്ചറൈസ് ചെയ്യാറുണ്ട്. ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കാനാണിത്. എന്നാല്‍ ഇത്തരം പാലിനേക്കാള്‍ പാസ്ചറൈസ് ചെയ്യാത്ത സാഭ്വാവിക പാലാണ് രുചികരവും പോഷകപ്രദവുമെന്നാണ് ചില ഗവേഷകരുടെ വാദം. പാസ്ചറൈസേഷന്‍ പാലിന്റെ പോഷക മൂല്യം കുറയ്ക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെയും പാസ്ചറൈസേഷന്‍ നശിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ലാക്ടോ ബാസില്ലസ് അസിഡോഫിലസ് പോലുള്ള ഉപകാരികളായ ബാക്ടീരിയകളും ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ സഹായിക്കുന്ന എന്‍സൈമുകളുമൊക്ക പാസ്ചറൈസേഷനില്‍ നശിപ്പിക്കപ്പെടുന്നുണ്ട്. പാലില്‍ അടങ്ങിയ ജീവകം ബി വണ്‍, ബി 6, ബി 12, ജീവകം സി തുടങ്ങിയവയുടെ അളവും പാസ്ചറൈസേഷനില്‍ കുറയുന്നതായി ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും പാസ്ചറൈസ് ചെയ്യാത്ത പാലിലെ ഹാനികരമായ ബാക്ടീരിയകള്‍ ഉണ്ടാക്കാവുന്ന അപകടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന പോഷകമൂല്യത്തെ അവഗണിക്കാവുന്നതാണ്.

പുല്ല് തിന്നുന്ന പശുവിന്റെ പാലും
കാലിത്തീറ്റ തിന്നുന്ന പശുവിന്റെ പാലും
പുല്ല് തിന്നുന്ന പശുവിന്റെ പാലിനെ അപേക്ഷിച്ച് ധാന്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റ തിന്നുന്ന പശുവിന്റെ പാലിന് താരതമ്യേന പോഷക മൂല്യം കുറവാണ്. കാരണം പാലില്‍ അടങ്ങിയ ബഹുഅപൂരിത കൊഴുപ്പമഌങ്ങളുടെ അളവ് നിര്‍ണയിക്കുന്നത് പശു എന്ത് തിന്നുന്നു എന്നതാണ്. പുല്ല് തിന്നുന്ന പശുവിന്റെ പാലില്‍ ഇത്തരം കൊഴുപ്പമ്‌ളത്തിന്റെ അളവ് കൂടും. പാലിലെ ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡ് അനുപാതം തുല്യമാകുന്നത് മൂലമാണിത്. ഈ അനുപാതം മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് കരുതപ്പെടുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ട്രൈഗഌസറൈഡിന്റെ അളവ് കുറയാനും നീര്‍ക്കെട്ട് ഇല്ലാതാക്കാനും ഒക്കെ അത് സഹായിക്കും. സ്വഭാവിക സാഹചര്യങ്ങളില്‍ പുല്ല് തിന്ന് വളരുന്ന പശുവിന്റെ പാലില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന കോണ്‍ജുഗേറ്റഡ് ലിനോലിക് ആസിഡ് എന്ന കൊഴുപ്പ് അഞ്ചിരട്ടിയോളം ഉണ്ടാകുമെന്നും ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പുല്ലിന് പകരം പശുവിന് കാലിത്തീറ്റ നല്‍കുമ്പോള്‍ പാലിലെ അവശ്യ കൊഴുപ്പമഌങ്ങളുടെ അനുപാതം വ്യത്യാസപ്പെടും. സസ്യേതര സിന്‍തെറ്റിക് ഭക്ഷ്യവസ്തുക്കള്‍ കൊടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന പശുക്കളിലെ പാലില്‍ അപായകരമായ കൊഴുപ്പമഌങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണങ്ങളാലെല്ലാം തന്നെ ഓര്‍ഗാനിക് ഡയറികളില്‍ വളര്‍ത്തുന്ന പശുക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന പാലിന് ആവശ്യക്കാര്‍ ഇന്ന് കൂടിവരുകയാണ്.

പാലില്‍ ഹോര്‍മോണ്‍
പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഇന്ന് പല ഫാമുകളും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് പശുക്കളുടെയും ഫാമുകളുടെയും എണ്ണം കുറഞ്ഞിട്ടും പാല്‍ ഉത്പാദനത്തില്‍ വലിയ ഇടിവ് വരാത്തത്. ഇതിന്റെ ഫലമായി പണ്ടത്തേതിനെ അപേക്ഷിച്ച് ഒരു പശുവില്‍ നിന്ന് ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്. റീകോംബിനന്റ് ബോവൈന്‍ ഗ്രോത്ത് ഹോര്‍മോണ്‍(rBGH) ആണ് ഇതിനായി പ്രധാനമായും പശുക്കളില്‍ കുത്തിവെക്കുന്നത്. പശുവിന്റെ പിയൂഷ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ സാധാരണ രീതിയില്‍ വളര്‍ത്തപ്പെടുന്ന പശുക്കളുടെ പാലിലും കാണപ്പെടും. എന്നാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച പശുക്കളുടെ പാലില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇത് മനുഷ്യശരീരത്തില്‍ എന്തു തരം പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. അത്തരം പാലിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ലേബലുകളൊന്നും ഒരു നിര്‍മാതാവും പാല്‍ പായ്ക്കറ്റില്‍ പതിക്കാറുമില്ല. ഇത്തരം പാല്‍ കുടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഹോര്‍മോണ്‍ തെറാപ്പിയെ എതിര്‍ക്കുന്നവരുടെ അഭിപ്രായം. കുത്തിവെപ്പ് നല്‍കിയ പശുക്കളില്‍ ഇന്‍സുലിന്‍ ലൈക്ക് ഗ്രോത്ത് ഫാക്ടര്‍-1 ന്റെ അളവ് അല്ലാത്തവയെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതലായിരിക്കും എന്നതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.

പാല്‍ കുടിച്ചാല്‍ തടി കുറയുമോ?
പാല്‍ കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തുകയുണ്ടായി. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ ഈ കണ്ടെത്തല്‍ സ്വാഭാവികമായും ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ വലിയ കാര്യമില്ലെന്നാണ് പുതിയ നിഗമനം. തടികുറയ്ക്കാനുള്ള പ്രത്യേക കഴിവൊന്നും തന്നെ പാലിനില്ല. പാല്‍ കുടിച്ചതുകൊണ്ട് മാത്രം തടികുറയ്ക്കാന്‍ കഴിയുകയുമില്ല. കലോറി നിയന്ത്രിച്ച് തടികുറയ്ക്കാന്‍ ശ്രമിച്ചവര്‍ ചെറിയ അളവ് പാല്‍ കുടിച്ചപ്പോള്‍ ഭാരം വേഗം കുറയുന്നതായാണ് കണ്ടെത്തിയത്. ഇത് തന്നെ വളരെ കുറഞ്ഞ എണ്ണം ആളുകളില്‍ നടത്തിയ പഠനമാണ്. കലോറി നിയന്ത്രിച്ച് ഡയറ്റ് ക്രമീകരിക്കാത്ത അമിത ഭാരമുള്ളവര്‍ പാല്‍ കുടിച്ചാല്‍ തടി കൂടുക തന്നെ ചെയ്യും. അതേസമയം ശരീര ഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ നിയന്ത്രിതമായ അളവില്‍ പാല്‍ കുടിച്ചാല്‍ അതില്‍ നിന്ന് ലഭിക്കുന്ന സമ്പൂര്‍ണ മാംസ്യം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കാനും അവ ദൃഢമാക്കാനും വ്യായാമത്തിനിടെ അവശ്യമായ ഊര്‍ജം നല്‍കാനും സഹായിക്കും.

അസ്ഥികള്‍ ശക്തമാവുമോ?
പാലില്‍ അടങ്ങിയ കാല്‍സ്യം അസ്ഥികളെ ദൃഢപ്പെടുത്താനും അസ്ഥിക്ഷയം ചെറുക്കാനും സഹായിക്കും എന്ന് നാം പണ്ടേ പഠിച്ചിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിച്ചത് കൊണ്ട് മാത്രം അസ്ഥിക്ഷയം ചെറുക്കാനാവില്ലെന്നാണ് പുതിയ നിഗമനം. അസ്ഥികളുടെ ദൃഢത നിലനിര്‍ത്താന്‍ കാല്‍സ്യം അവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പത്തില്‍. പക്ഷേ പാല്‍കുടിക്കുന്നത് അസ്ഥികളുടെ കരുത്ത് നിലനിര്‍ത്താനായി പതിവാക്കേണ്ട ശീലങ്ങളില്‍ ഒന്ന് മാത്രമാണ്. അസ്ഥികളുടെ ദൃഢതയെ സ്വധീനിക്കുന്ന മറ്റു പല ഘടകങ്ങളും അതിനേക്കാള്‍ നിര്‍ണായകമാണ്. ആവശ്യത്തിന് ജീവകം ഡി ലഭിക്കുക, പുകവലിക്കാതിരിക്കുക, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയാണ് അവയില്‍ ചിലത്. കാല്‍സ്യത്തേക്കാള്‍ വൈറ്റമിന്‍ ഡിയുടെ ലഭ്യതയാണ് മുതിര്‍ന്നവരിലെ എല്ല് ബലത്തിന്റെ കാര്യത്തില്‍ നിര്‍ണായകമെന്നാണ് പുതിയ കണ്ടെത്തല്‍. കാരണം ഭക്ഷ്യവസ്തുക്കളിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിന്‍ ഡി കൂടിയേ തീരൂ. പാല്‍ കുടിക്കുന്നതിനൊപ്പം വൈറ്റമിന്‍ ഡി ലഭിക്കുന്നതിനുള്ള പരിശ്രമം കൂടി നടത്തിയാലേ എല്ല് ബലം കൂടൂ എന്ന് ചുരുക്കം. ദിവസവും 1000-1500 മി. ഗ്രാം കാല്‍സ്യമാണ് മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടത്. ഒപ്പം 400 ഐ.യു വൈറ്റമിന്‍ ഡിയും ലഭിക്കണം.

കാന്‍സര്‍ പ്രതിരോധിക്കുമോ?
വന്‍കുടല്‍, മലദ്വാര അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ദിവസവും പാല്‍ കുടിക്കുന്നതിലൂടെ കഴിയുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസവും 250 മി. ഗ്രാം കാല്‍സ്യം ലഭിക്കുന്നത്ര പാല്‍ കുടിക്കുന്നവരില്‍ 15 ശതമാനം കണ്ട് കാന്‍സര്‍ സാധ്യത കുറയുന്നതായാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വെണ്ണപോലുള്ള കാല്‍സ്യം സമൃദ്ധമായ മറ്റ് വിഭവങ്ങളേക്കാള്‍ പാല്‍ തന്നെയാണ് അര്‍ബുദ സാധ്യത കുറയ്ക്കുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഗ്രോത്ത് ഹോര്‍മോണുകള്‍ കുത്തിവെച്ച് പാല്‍ ഉത്പാദനം കൂട്ടുന്ന പ്രവണത ആരംഭിക്കുന്നതിന് മുമ്പാണ് ഈ പഠനങ്ങള്‍ നടന്നത് എന്ന വസ്തുത കാണാതിരുന്ന് കൂട. ഇന്ന് വിപണിയില്‍ ലഭ്യമായ പാലിനും അതേ ഗുണമുണ്ടോ എന്ന് വിലയിരുത്താന്‍ പുതിയ പഠനങ്ങള്‍ ആവശ്യമാണ്.

പാലിന് അത്ഭുത ശക്തിയില്ല!
എല്ലാത്തിനുമുപരി ഇന്ന് വിപണിയില്‍ ലഭ്യമായ പാല്‍ ഏതെങ്കിലും പ്രത്യേക തരത്തില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല എന്ന് മനസ്സിലാക്കുക. പാലിന്റെ ഗുണമായി ഇന്ന് വരെ പറഞ്ഞിരുന്നതൊക്കെയും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കാവുന്ന കാല്‍സ്യം, വൈറ്റമില്‍ ഡി എന്നിവയുടെ സമൃദ്ധി മൂലം ഉള്ള മെച്ചങ്ങളുമാണ്. ആധുനിക പാല്‍ ഉത്പാദക വിദ്യകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുമുണ്ട്. അതുകൊണ്ട് പാല്‍ കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ സ്വഭാവിക സാഹചര്യങ്ങളില്‍ വളര്‍ത്തുന്ന പശുവില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഗാനിക് പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇനി പാല്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയാണെങ്കിലോ ഒരു കുറ്റബോധവും വേണ്ട. പാല്‍ ഒരിക്കലും നിര്‍ബന്ധമായും കഴിക്കേണ്ട ഒരു ഭക്ഷ്യവസ്തുവൊന്നുമല്ല. സമീകൃത ആഹാരം കഴിക്കാന്‍ ശ്രദ്ധിച്ചാല്‍ പാല്‍ കുടിക്കാതിരിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല.